Tuesday, August 2, 2011

യക്ഷഗാനയുടെ കര്‍ത്താവാര് ?



രംഗം: പറവൂര്‍ സമൂഹം ഹൈ സ്കൂള്‍ ഒമ്പതാം തരം ക്ലാസ്സ്‌ മുറി . ഭഗവതി ടീച്ചര്‍ പതിവ് പോലെ ക്ലാസ്സ്‌ എടുക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ സഹപാഠിയും സുഹൃത്തുമായ മുരളിധരന് വിരസത അനുഭവപെട്ടു തുടങ്ങി . പതിവ്‌ പോലെ അവന്‍ വിരസത അകറ്റാന്‍ തൊണ്ടി കളി തുടങ്ങി. മുന്‍പില്‍ ഇരികുന്ന സുഹൃത്തിനെ തോണ്ടിയ ശേഷം "ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ" യെന്ന ഭാവത്തില്‍ ഇരിപ്പാണ് കക്ഷി. മുന്‍പില്‍ ഉണ്ടായിരുന്ന ആരോഗ്യം ഉള്ള സുഹൃത്ത്‌ കണ്ണ് കൊണ്ട് ഇന്റര്‍വെല്‍ ആവട്ടെ നിനക്ക് വച്ചിടുണ്ട് എന്ന് ഭാവത്തില്‍ ഒരു നോട്ടം നോക്കിയിട്ട് തിരിഞ്ഞിരുന്നു. അതു കണ്ടപ്പോള്‍ എന്നിക്കു പതിവിലേറെ ഉന്മേഷം തോന്നി. സന്തോഷവും ചിക്കന്‍ഗുനിയ പോലെ പകരും എന്ന് ആദ്യമായി എന്നിക്കു മനസിലായി. താമസിയാതെ ഞങ്ങളുടെ കുടെ ഉണ്ടായിരുന്ന എല്ലാ സഹപഠികളും ഈ വിനോദത്തില്‍ ഏര്‍പ്പെട്ടു. ഞാനും മുന്‍പില്‍ ഇരിക്കുന്നവരെ തോണ്ടാന്‍ മറന്നില്ല.

അപ്പോള്‍ ആണ് കൈയില്‍ ഇരുന്ന മാമ്പഴം കാക്ക കൊത്തിയമാതിരി, എല്ലാ രസവും കെടുത്തി കൊണ്ടു അധ്യാപിക എന്നോട് പെട്ടന്ന് പഠിപ്പിച്ചു കൊണ്ടിരുന്ന വിഷയത്തില്‍ നിന്ന് ഒരു ചോദ്യം ചോദിച്ചത് "യക്ഷഗാനത്തിന്റെ കര്‍ത്താവ് ആരാണ് ? ". സത്യത്തില്‍ ഞാന്‍ ചോദ്യം കേട്ടതെയില്ല. തോണ്ടല്‍ കളി കണ്ട്ട ടീച്ചര്‍ രോക്ഷം കൊണ്ട് നില്‍ക്കുന്നതായെ എന്നിക്കു തോന്നിയുള്ളൂ. ഉടനെ ജാമ്യം എടുക്കാം എന്ന് കരുതി ഞാന്‍ തട്ടി വിട്ടു . "ടീച്ചര്‍ ഞാനല്ല, മുരളിധരന്‍ ആണ്" . ക്ലാസ്സില്‍ ഒരു പോട്ടിചിരി കേട്ടതും ടീച്ചറുടെ കൈയില്‍ ഇരുന്ന ചൂരല്‍ എന്‍റെ മേല്‍ വീണതും ഒന്നിച്ചായിരുന്നു. ഉറങ്ങി കിടന്ന പൂച്ചയുടെ മേല്‍ ഒട്ടുപാത്രം വീണ് ഞെട്ടിയ മാതിരി ഇന്നും ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ക്കുന്നു !

No comments:

Post a Comment