Sunday, August 14, 2011

യു സി സി യിലെ ഇസ്തിരിക്കാരന്‍









ആലുവാ യു സി കോളേജില്‍ കണ്ണക്കില്‍ ഡിഗ്രി എടുത്ത് 'കണ്ണക്കന്‍' ആവാന്‍ ഉള്ള ശ്രമം നടത്തുന്ന കാലം. അത്യാവശ്യം രാഷ്ട്രിയ പ്രവര്‍ത്തനവും അറ്റകുറ്റ പണികളും ഉണ്ടു. പഠിക്കാന്‍ തീരെ മോശം അല്ല എങ്കിലും , അത്യാവശ്യം ക്ലാസുകള്‍ മാത്രം കയറി രാഷ്ട്രിയ പ്രഭുദ്ധന്‍ ആകാന്‍ ഉള്ള ശ്രമം. പാര്‍ട്ടി ഓഫീസില്‍ നിന്ന് കിട്ടുന്ന ലേഖു ലേഖകളും ബുക്കുകളും വായിച്ചു രാഷ്ട്രബോധം തിള്ളച്ചു മറിയുന്നതു കൊണ്ടു , പലപ്പോഴും ചുമ്മാ ലൈന്‍ അടിച്ചും പഠിക്കാന്‍ ഉളളത് പഠിച്ചും നടക്കേണ്ട കാലത്ത് , രാഷ്ട്രിയവും കലാ പരിപാടികളും നടത്തി മുങ്ങി കൊണ്ടിരിക്കുന രാഷ്ട്ര വ്യവസ്തയെ എങ്ങിനെ ഒറ്റകൈ കൊണ്ടു പൊക്കി രക്ഷിക്കാം എന്ന് ആലോചിച്ചു ടൈം വേസ്റ്റ് ആക്കി കളയുന്ന സമയം. കുട്ടത്തില്‍ രണ്ടു പ്രാവശ്യം തിരഞ്ഞെടുപ്പിന് നിന്ന് തോറ്റു തൊപ്പിയും ഇട്ടു എന്നുള്ളത് ചരിത്രം. പക്ഷെ മുത്തപ്പന്‍റെ കൃപ കൊണ്ടും എന്‍റെ പല കുട്ടുകര്‍ക്കും കുട്ടുകാരികള്‍ക്കും രാഷ്ട്രിയ ഭേദം അന്യേ എന്നിക്ക് വോട്ടു കുത്തിയതും കാരണം തീരെ നാണംകേട്ട തോല്‍വി ഉണ്ടായില്ല എന്നും പറയാം. കാര്യം നാണ്ണം കെടും എന്ന പ്രതീക്ഷിച്ചുകൊണ്ട്‌ ആണ് തിരഞ്ഞടുപ്പിനു നിന്നിരുന്നത് , അത് കൊണ്ടു തോറ്റെങ്കിലും അത്ഭുതം എന്നു മാത്രമേ തോന്നിയുള്ളൂ. കുട്ടി കണക്കന്‍മരാകാന്‍ കുടുതലും പെണ്‍കുട്ടികള്‍ ആണ് രംഗത്ത്, ആണ്‍ പിള്ളേര്‍ വളരെ കുറവായിട്ടാണ് കണ്ണക്കന്‍മരാകാന്‍ വന്നിരിക്കുനത്. ഉള്ളവരാണ്ണേല്‍ കണ്ണക്ക് പഠിത്തം ഒരു സെക്കണ്ട് ഹോബി ആയി കൊണ്ടു നടക്കുന്നവരും ആണ്. ഒരുത്തന്‍ രാഷ്ട്രിയം ആയിട്ട് നടക്കുമ്പോള്‍ , മറ്റൊരുവന്‍ നാടകവും സ്ക്കിട്ടും കളിച്ചു നടക്കാന്‍ ആണ് താല്പര്യം, മറ്റൊരുത്തന്‍ എന്‍ സി സി യുടെ പ്രവര്‍ത്തനത്തില്‍ ആണ് താല്പര്യം , മറ്റു ചില്ലര്‍ എന്‍ജിനീയര്‍ ആയെ അടങ്ങു എന്ന വാശിയില്‍ എന്ട്രന്‍സ് പഠനവും ആണ് . അങ്ങിനെ പോകുന്നു വിനോദങ്ങള്‍ .

ഏഴു.. എട്ടു ആണ്‍പിള്ളേര്‍ക്ക്‌ , മുപ്പതോളം പെണ്‍പിള്ളേര്‍ ! ഞാന്‍ , രാമന്‍ ‍, മനീഷ്‌ , ശങ്കരന്‍ ‍, ഇടിക്കുള , സോമന്‍ , ബിബിന്‍ എന്നിവരാണ്‌ ഈ കഥയിലെ സപ്ത സുന്ദര കോമളന്‍മാര്‍ . ഒരു മഴവില്ലിന്‍റെ സൌന്ദര്യം സപ്ത വര്‍ണ്ണങ്ങളില്‍ നിക്ഷിപ്തമായതു പോലെ, ഞങ്ങള്‍ സപ്ത കോമളന്‍മാര്‍ മാത്‌സ്‌ ഡിപാര്‍ട്ടുമെന്‍ടിന്‍റെ ആത്മാവും അഭിനിവേശവും വൃത്തികേടും ആയി തിളങ്ങിയ ഒരു കഥയാണ് ചുവടെ. ഇവരെ കൂടാതെ ബ്രിജെഷും സുനിഷും ആണ്‍തരികളായി ഉണ്ട് . കലയുമായി ബന്ധം ഉള്ള ഒരുവന്‍ ബ്രിജെഷ മാത്രമേ ഉള്ളു. അവന്‍ അണേല്‍ ഇ കഥയിലെ കഥാ പാത്രവും അല്ല. അവന് സംഭവം പന്തി അല്ല എന്ന് തുടക്കത്തിലേ തോന്നിക്കാണ്ണണം. കോഴ്സ് തുടങ്ങിയപ്പോള്‍ പലരും ഉണ്ടായിരുന്നു എങ്കിലും പുവിന്‍റെ ഇതള്‍ കൊഴിയുന്ന മാതിരി അവരെല്ലാം വിട്ടു പോയി. ഇ കഥയില്‍ ക്ലാസ്സിലെ മലയാള മങ്ങമാരായ സുനിതയും പിന്നെ സുസനും ഉണ്ട് പക്ഷെ അവരുടെ റോള്‍ എന്തായിരുന്നു എന്ന് ഇ പഹയന്‍ കഥാകൃത്തിനു ഓര്‍മ്മ പോരാ. കേരളത്തിന്‍റെ ജനസംഖ്യ പോല്ലെ പെണ്‍പിള്ളേര്‍ ഒരുമിച്ചു തുമ്മിയാല്‍ ആണ്‍പിള്ളേര്‍ തെറിച്ചുപോകും ഇന്ന അവസ്ഥ ആണ് ക്ലാസ്സില്‍ . എന്നാലും വലിയ സംഘട്ടനങ്ങള്‍ ഒന്നും കൂടാതെ കൂട്ടമായി ക്ലാസ്സു കട്ട് ചെയ്യാനും, കലാ പരിപാടികള്‍ അവതരിപ്പിക്കാനും , കൂട്ടമായി 'കണക്കന്‍മാരുടെ ദിവസം' അഘോഷിക്കുവാനും ഞങ്ങള്‍ ഒരുമിച്ചു ഉണ്ടായിരുന്നു. അല്ലറ-ചില്ലറ സൌന്ദര്യ പിണകങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ ശാന്തം ആയി മൂന്നു കൊല്ലവും കടന്നു പോയി എന്ന് പറയാം.സുന്ദരമായ ചാപ്പലിന്‍റെ പുറകെ ഉള്ള മഹാഗണി മരത്തിന്‍റെ ചുവട്ടിലെ തണലില്‍ നിന്ന് അന്താക്ഷരി കളിച്ചും പഞ്ചാര അടിച്ചും ഞങ്ങള്‍ ആത്മനിര്‍വൃതി പൂണ്ടു. N R ബ്ലോക്കിന്‍റെ മണ്ടയില്‍ നിന്നും കീഴേ പോകുന്ന ഉറുമ്പുകളെ ഒഴിച്ചു ബാക്കി ഉള്ള ജീവികളെ കുറിച്ചു വായില്‍ തോന്നിയ അഭിപ്രായം രേഖപ്പെടുത്തിയും ദിന- രാത്രങ്ങള്‍ ഞങ്ങള്‍ തള്ളി നീക്കി . വര്‍ക്കി മെമ്മോറിയല്‍ ഹാള്ളിന്‍റെ ഓരോ പരിപാടിക്കും ഞങ്ങളുടെ കൂവലിന്‍റെ അകമ്പടി ഉണ്ടായിരുന്നു. ഗതി കിട്ടാത്ത പ്രേതങ്ങളെ പോലെ ഫിസിക്സ്‌ ഡിപാര്‍ട്ടുമെന്‍ഡില്ലും, ലാബിലും ഞങ്ങള്‍ കറങ്ങി നടന്നു. ലൈബ്രറിയുടെ പിന്നിലുള്ള പഞ്ചാരമുക്കില്‍ ഇടക്കു വന്നു ആരൊക്കെ ആരുടെ സ്വന്തം ആണെന്നും ആരൊക്കെ തമ്മില്‍ അടിച്ചുപിരിഞ്ഞു എന്നും ഉള്ള കറണ്ട് അഫയേറസ്സിന്‍റെ കെമിക്കല്‍-മെക്കാനിക്കല്‍ കോണ്‍ഫിഗറേഷന്‍ അറിയാനും ഞങ്ങള്‍ മറനില്ല. യുദ്ധ ഭൂമിയില്ലേ കിടങ്ങ്‌ എന്ന പോലെ ലൈബ്രറി എന്നാല്‍ ക്ലാസ്സു കട്ട് ചെയ്തു ഒളിച്ചിരിക്കാന്‍ ഉള്ള ഒരു സ്ഥലം മാത്രം ആയിരുന്നു അന്ന്.

കണ്ണക്കന്‍മാരെലാം ക്ലാസ്സില്‍ കയറാതെ പുല്ലും മേഞ്ഞു നടക്കുന്ന കാലം. കണ്ണക്കന്‍മാരുടെ ദിവസം (maths day) ആഘോഷിക്കുവാന്‍ ഉള്ള സമയം സംജാതമായി. എല്ലാം മാറ്റി വച്ചു ഒരു സ്ക്കിട്ട് അവതരിപ്പിക്കണം ഇന്ന ആശയുമായി സഹ കണക്കന്മാര്‍ വട്ടം കുടി. സഹകണ്ണക്കന്‍മാരുടെ ആഗ്രഹം എന്‍റെയും ഒരു ആഗ്രഹം ആയിരുന്നു. എന്നാല്‍ പിന്നെ സ്ക്കിട്ട് അവതരണത്തിന്‍റെ ഭാഗം ആകാം എന്ന്‌ കരുതി ഞാനും കുടെ കൂടി. രിഹേര്‍സല്‍ നടത്താന്‍ സമയം നന്നേ കുറവ്. പലപ്പോഴും കണക്കിന്‍റെ ലോകത്തിനപ്പുറത്ത് , ഭാവിയിലെ ചരിത്രകാരന്‍മാരാകേണ്ട ബി എ ഹിസ്റ്ററികാരുമായും, സാഹിത്യകാരന്‍മാര്‍ ആകേണ്ട ബി എ മലയാളംകരുമായും, 'മുഴു വട്ടന്‍മാരകേണ്ട' , ബി എ സൈക്കോള്ളജിക്കരുമായും എന്ന് വേണ്ട എകണോമികസിലെയും ഇംഗ്ലീഷിലെയും, കെമിസ്ട്രിയിലെയും , ഫിസിക്സിലെയും സഹപഠികളുമായി പല അദൃശ്യ ചെങ്ങാതങ്ങളും എനിക്കു ഉണ്ടായിരുന്നു. അതെല്ലാം പലപ്പോഴും രാഷ്ട്രിയതിനതീതമായ ചില സഹവര്‍ത്തിത്വത്തിന്‍റെ ഫലം ആയി ഉണ്ടായ കുട്ടുകെട്ടുകള്‍ ആണ്. എല്ലാ ചെങ്ങതിമാരെയും സ്കിറ്റ് കാണാന്‍ ക്ഷണിക്കുകയും ഞങ്ങളുടെ കലാ വ്യഭവം കണ്ടു പ്രോല്‍സാഹപ്പിച്ചു ആത്മ നിര്‍വൃതി അടയണം ഇന്നു ഉത്ഭോതിപ്പിച്ചു. അങ്ങിനെ എല്ലാം മറന്നു സ്കിറ്റ് വിജയിപ്പികാനുള്ള ശ്രമത്തില്‍ വ്യാപ്രതരായി ഞങ്ങള്‍ കണക്കന്‍മാര്‍ ഒരേ മനസുമായി രണ്ടും കല്പിച്ചു റിഹെര്‍സല്‍ തുടങ്ങി.

സ്ക്കിട്ടിന്‍റെ പ്രമേയം ഇതാണ്.ഒരു ഇസ്തിരികാരന്‍റെ കഥയാണ്. മറ്റുള്ളവരുടെ അലക്കിയ തുണി മേടിച്ചു ഇസ്തിരി ഇട്ടു ഉപജീവനം നടത്തുന്ന ഒരുവന്‍ . ഇസ്തിരികാരന്‍ ഒരു മറയുടെ അപ്പുറത്ത് നിന്ന് ഇസ്തിരി ഇടുന്നതാണ് രംഗം ഇസ്തിരികാരന്‍റെ കാലു മാത്രം കാണാം ..പിന്നെ ഇസ്തിരിക്കാരന്‍ ഇടക്കു ഇടക്കു ഏതോ ഒരു പെണ്ണിന്‍റെ തുണികള്‍ ഇടക്കുള്ള മറയില്‍ തൂക്കുന്നുണ്ട്. ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കാലു പിടിച്ചു അവരുടെ തുണികള്‍ ഒക്കെ മേടിച്ചാണ് കലാപരിപാടി. മറയുടെ അപ്പുറത്ത്‌ നിന്ന് നോക്കിയാല്‍ ഏതോ സുന്ദര കുന്ത്രാണ്ടം വിവസ്ത്രയവുന്നതായെ തോന്നു, കൂടാതെ ഇസ്തരികാരന്‍ ഇടക്ക് കാലിലെ കൊതുകിനെ കാലുകള്‍ തിരുമ്മി ഓടിക്കുന്നുണ്ട്. ഒരു A പടം കാണുന്ന പ്രതിതി ജനിപ്പിക്കുന്ന രംഗങ്ങള്‍ .മറയുടെ മറുവശത്ത്‌ ആദ്യം രണ്ടു വായില്‍ നോക്കികള്‍ ഏതോ സുന്ദരിയാണ്‌ അപ്പുറത്ത് എന്ന് കരുതി മറയുടെ മുകളിളുടെ എത്തി നോക്കാനുള്ള വിഫല ശ്രമം നടത്തുന്നു. അപ്പോള്‍ ഒരു പള്ളിലച്ചന്‍ അ വഴി വരുന്നു. അമേരിക്ക മറ്റു രാജ്യങ്ങളോട് അറ്റം ബോംബു ഉണ്ടാകുന്നതു പാപം ആണ് എന്ന് ഉപദേശിക്കുന്ന മാതിരി പൂവാലന്മാരെ ഉപദേശിച്ച പറഞ്ഞു അയച്ച ശേഷം പുര്‍വാധികം ഭംഗിയോടെ എത്തി നോട്ടം തുടരുന്നു. സംശയം തോന്നിയ പൂവലാന്മാര്‍ തിരിച്ചു വന്ന ശേഷം പള്ളിലച്ചനെ കൈയോടെ പിടികൂടുന്നു . ഒരു കോബ്രമയിസ്‌ നടത്തി എല്ലവരും ഒരുമിച്ച് എത്തി നോട്ടം തുടരുന്നു. അ തിരക്കില്‍ മറ പൊളിഞ്ഞു വിഴുകയും അത് പെണ്‍ല്ലാ ഇസ്തരികാരന്‍ ആണ് എന്ന് മനസിലാവുന്നു .. ഇതാണ് സ്ക്കിറ്റ്‌ന്‍റെ പ്രമേയം.

എന്‍റെ ചെങ്ങാതി മനീഷ്‌ ആണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുനത്. കലാപരമായി സ്കിറ്റ് അവതരിപ്പിക്കാനും അത് ഡയറക്റ്റ്‌ ചെയാനും അവനു കഴിവുണ്ട് എന്ന് മനസിലാക്കിയ ഞങ്ങള്‍ , നിധിയുള്ള പദ്മനാഭസ്വാമിയോട് പള്ളിലച്ചന്‍മാര്‍ക്ക് തോന്നുന്ന ഒരു തരം സ്നേഹം മാതിരി , അവനെ സ്നേഹിക്കാനും ആശ്രയിക്കാനും തുടങ്ങി. അവന്‍റെ സംവിധാനത്തില്‍ സ്ക്കിറ്റ്‌ റിഹേര്‍സല്‍ പൊടി പൊടിച്ചു. ശാരിരീക പ്രക്രതി കൊണ്ട് മെലിഞ്ഞു എലും തോലും അയ്യിരുന്ന എന്നെ തന്നെ ആണ് അവര്‍ക്ക്‌ വണ്ടിയും തള്ളി ഉപജീവനം നടത്തുന്ന ഇസ്തരികാരന്‍റെ റോളില്‍ ഏറ്റവും യോജിച്ചതായി തോന്നിയത്. അത് കൊണ്ട് അ റോള്‍ എന്നിക്ക് കിട്ടി . മറ പിടിക്കാന്‍ ശങ്കരനും രാമനും. പൂവാലന്‍മാരായി മനീഷും സോമനും ..അവന്മാരെ കണ്ടാലും തോന്നും. പള്ളിലച്ചനായി സ്വഭാവം കൊണ്ട് ദൈവവുമായി യാതൊരു അടുപ്പവും ഇല്ലാത്ത ഇടിക്കുളയെയും എല്‍പിച്ചു. അപ്പോള്‍ ആണ് ഏഴാമന്‍റെ വരവ്.. തികച്ചും ലൈബ്രറിയിലെ ഒരു പുഴുവായി മാറിയിരുന്ന ബിബിന്‍ ., എഞ്ചിനീയര്‍ ആകാന്‍ കുറ്റിയും പറിച്ചു ഇറങ്ങിയ അവനെ ശല്യപ്പെടുത്താന്‍ പാടില്ല എന്ന് കരുതി അവനു റോള്‍ ഒന്നും ഇല്ലായിരുന്നു.. കക്ഷിക്ക് പരാതിയായി പരിഭവമായി , അവനു റോള്‍ ഒന്നും ഇല്ല അത്രെ. അവന്‍ പറഞ്ഞത് അനുസരിച്ച്‌ അവന്‍ നിറഞ്ഞു തുളി തുള്ളുമ്പി നില്‍ക്കുന്ന തേങ്ങുന്ന ഒരു കലാ ഹൃദയത്തിനുടമയാണ്. ചെന്നായ്‌ കൂട്ടത്തിലെ ഒരു പുലികുട്ടിയലേ അവനും എന്ന് കരുതി ഞങ്ങള്‍ അവനു ഒരു റോള്‍ തരപ്പെടുത്തി കൊടുത്തു. കുറ്റം പറയരുതാലോ പോക്കറ്റ്ടിക്കാരന്‍റെ റോള്‍ ആണ്. അവനു ചേരും. എന്തായാലും രിഹേര്‍സല്‍ അതിഗംഭീരമായി തുടങ്ങി. പള്ളിലച്ചന്‍ മറയില്‍ എത്തി നോക്കാന്‍ ശ്രമിക്കുമ്പോള്‍ പള്ളിലച്ചന്‍റെ പോക്കറ്റ്‌ അടിക്കുന്ന റോള്‍ ആണ് പോക്കറ്റ്ടിക്കാരന്‍ ചെയേണ്ടത്. രിഹേര്‍സല്‍ നടക്കുന്ന സമയത്ത് എല്ലാം ഇസ്തിരിക്കാരന്‍ അയ എന്നിക്ക് മറയുടെ മുന്നില്‍ നടക്കുന്ന എന്താണ് എന്ന് കാണുവാന്‍ പറ്റുമായിരുന്നില്ല. അപ്പോള്‍ മറയില്‍ തുണികള്‍ ഓരോന്നായി തൂക്കെണ്ട സമയം പ്ലാന്‍ ചെയുന്നത് പൂവാലനും പള്ളിലച്ചനും പിന്നെ പോക്കറ്റ്‌ അടിക്കാരനും സ്റ്റേജിലേക്ക് കേറുന്ന സമയം നോക്കി വേണം . അതു പ്രകാരം അവസാനമായി കൈയിലുള്ള പാവാടയും മറ്റു സമഗ്രഹികളും മറയില്‍ തൂക്കേണ്ടത് നമ്മുടെ പോക്കറ്റ്ടിക്കാരന്‍ വേദിയിലേക്ക് കേറുമ്പോള്‍ ആണ്..അതാണ് എന്നിക്ക് കിട്ടിയ നിര്‍ദേശം.. പ്രാക്ടീസ് എല്ലാം തകര്‍പ്പന്‍ ..ഞങ്ങള്‍ പരിപാടി അടിപോളി ആക്കിയത് തന്നെ..!

അങ്ങിനെ അറ്റു നോറ്റ് ഇരുന്ന സമയം വരവായി.. ഞങ്ങളുടെ കലാ വൈഭവം നാലു പേരെ കാണ്ണിക്കാന്‍ ഉള്ള അവസരം ! പ്രത്യേകിച്ച് പെണ്‍കുട്ടികളെ എന്ന് എടുത്തു പറയണ്ട കാര്യം ഇല്ലല്ലോ. ഇത് കഴിയുമ്പോള്‍ ഞങ്ങള്‍ സപ്ത കോമളന്‍മാര്‍ ഓരോരുത്തരും കോളേജിലെ ചെറിയ താരങ്ങള്‍ ആയി മാറും. സ്കിറ്റ് ഗംഭീരമായി തുടങ്ങി . പിന്നെ എന്തിനും കൂവുന്ന കലാആസ്വാദകര്‍ ആയതു കൊണ്ട് കൂവലുകളെ പുഷ്പ സമാനം ചവിട്ടി മെതിച്ചു ഞങ്ങള്‍ ഞങ്ങളുടെ സ്കിറ്റ് അവതരണവുമായി മുന്നോട്ടു പോയി.പൂവാലന്മാര്‍ സ്റ്റേജില്‍ കയറി. സാരി ഞാന്‍ മറയില്‍ തൂക്കി. പള്ളിലച്ചന്‍ കയറി ..ഞാന്‍ ബ്ലൌസ് മറയില്‍ തൂക്കി..അല്പം നേരം കൂവല്‍ മറന്നു ജനം മിണ്ടാതെയിരുന്നു .മുന്‍പില്‍ നടക്കുന്നത് എന്താണ് എന്ന് എന്നിക്ക് കണ്ണുവാന്‍ കഴിയുന്നില്ല.. സമയം കുറെ ആയി .. നമ്മുടെ റോള്‍ ഉണ്ടാകാതിരുന്ന പോക്കറ്റ്‌ അടിക്കാരന്‍ ബിബിന്‍ , സ്റ്റേജില്‍ കയറുന്ന മട്ടില്ല . സ്റ്റേജിന്റെ സൈഡില്‍ നിന്ന അവനെ ഞാന്‍ കൈയികൊണ്ടും കാല് കൊണ്ടും കണ്ണു കൊണ്ടും ആഗ്യം കണ്ണിച്ചു ..രക്ഷയില്ല ! പഹയന്‍ സ്റ്റേജില്‍ കയറുന്ന മട്ടില്ല .. എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഐഡിയ ഇല്ല....കൂവലിന്‍റെ കാഠിന്യം വര്‍ധിച്ചു .പൂവാലന്മാരും പള്ളിലച്ചനും വിയര്‍ത്തു ..പൂവാലന്മാരും പള്ളിലച്ചനും അവര്‍ക്ക് കാണിക്കാനുള്ളതും അതില്‍ അപ്പുറവും കണ്ണിച്ചു ..എന്നിട്ടും പോക്കറ്റ്‌ അടിക്കാരന്‍ സ്റ്റേജില്‍ കയറുനില്ല ..പാവാടയും സമഗ്രഹികളും മറയില്‍ ഇടാന്‍ ഞാന്‍ തെയാറായി നിന്നു ..പക്ഷെ കിട്ടിയിരിക്കുന്ന നിര്‍ദേശ പ്രകാരം പഹയന്‍ പോക്കറ്റ്‌ അടിക്കാരന്‍ സ്റ്റേജില്‍ കയറിയിട്ട് വേണം അത് ഇടാന്‍ . പ്രാക്ടീസ് ചെയുമ്പോള്‍ എല്ലാം പോക്കറ്റ്‌ അടിക്കാരന് പള്ളിലച്ചന്റെ പിന്നില്‍ നിന്ന് വന്നു പോക്കറ്റ്‌ അടിക്കാന്‍ കഴിയുമായിരുന്നു .സ്കിറ്റ് നടക്കുന്ന വര്‍ക്കി മെമ്മോറിയല്‍ ഹാളിന്‍റെ കോണ്‍ഫിഗറേഷന്‍ വിഭിന്നമായിരുന്നു ..പോക്കറ്റ്‌ അടിക്കാരന് പിന്നില്‍ നിന്ന് വരുവാന്‍ ഉള്ള ഓപ്ഷന്‍ ഇല്ല ... മുന്നില്‍ നിന്ന് വന്നു എങ്ങിനെ പോക്കറ്റ്‌ അടിക്കും ? പോക്കറ്റ് അടിക്കാരന്‍ കുടാതെ ഒരു ബിഡി കത്തിക്കാന്‍ ഉള്ള ശ്രമം ഉണ്ടായി..റിഹെര്‍സല്‍ സമയത്ത് ചുട്ട് കത്തിയ പോലെ കത്തിയ ബിഡി ,അരങ്ങില്‍ അങ്ങ് കത്താന്‍ കുട്ടക്കിയതും ഇല്ല.. .പോക്കറ്റ്‌ അടിക്കാരന്‍ ച്ക്രവ്യുഹത്തില്‍ അകപെട്ട അഭിമന്യുവിനെ പോലെ ബ്ലാങ്ക് അയി നിന്നു..എത്ര കഴിഞ്ഞിട്ടും കെ എസ് സി ബി യുടെ ബില്‍ കണ്ടു ഷോക്ക് അടിച്ച മാതിരി ഉള്ള നില്പില്‍ നിന്നു പോക്കറ്റ്‌ അടിക്കാരന്‍ ഉണര്‍ന്നില്ല ..അവന്‍ സ്റ്റേജില്‍ കയറിയതും ഇല്ല ബാക്കി ഉള്ള 'സാധന-സാമഗ്രഹികള്‍ ' ഞാന്‍ മറയില്‍ ഇട്ടതും ഇല്ല.. വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു പാര്‍ലിമെന്റില്‍ വച്ചു എന്ന് മാതിരി ആയി കാര്യങ്ങള്‍ ‍..റോളിലാതിരുന്ന ഒരുത്തനു റോളും കൊടുത്തു ..അവന്‍ ആണേല്‍ മൊത്തം നാടകം കൊളം ആക്കും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി..

ആത്മാഭിമാനം ഉള്ള പള്ളിലച്ചന്‍ ഇടിക്കുള്ള സ്റ്റേജില്‍ നിന്നു പിന്‍വാങ്ങി.. പൂവാലന്മാര്‍ കുറച്ചു നേരം പകച്ചു നിന്നു..പിന്നെ അവരും സ്വതന്ത്രം പ്രഘ്യാപിച്ചു പുറത്തു ചാടി.. മറ പിടിച്ച ശങ്കരനും രാമനും കുറച്ചു നേരം ആത്മാഭിമാനം വിടാതെ പിടിച്ചു നിന്നു..കൂവലിന്‍റെ ശക്തി കൂടി .. അലറ-ചിലറ വസ്തുകളും സ്റ്റേജില്‍ പറക്കും തളിക സമാനം വന്നു തുടങ്ങി..അവസാനം പിടിച്ചു നില്‍കാന്‍ ആകാതെ ചക്ക കുട്ടാന്‍ കണ്ട പട്ടിണി പാവങ്ങളെ പോലെ മറയും താഴെ ഇട്ട് അവര്‍ ഓടി. പാവം ഞാന്‍ , കൈയില്‍ പാവാടയും മറ്റ് കമ്പോണേന്റ്സും കൈയില്‍ പിടിച്ചു സ്റ്റേജില്‍..ദൈവമേ ഇനി നാണം കെടാന്‍ ഇല്ല... കൈയില്‍ ഉള്ള അമുല്യ വസ്തുക്കള്‍ സ്റ്റേജില്‍ ഇട്ട് കൊണ്ട് ഞാന്‍ സ്ഥലം കാലിയാക്കി.. സ്കിറ്റ് കൊളം ആയി..പറഞ്ഞ പോലെ പ്രശസ്തരായി കിട്ടി !..എന്തൊരു ആശ്വാസം ..പോക്കറ്റ്‌ അടിക്കാരന്‍ പോക്കറ്റ്‌ മാത്രം അല്ല മാനവും അടിച്ചു കൊണ്ട് പോയി..

രണ്ടു ദിവസം കഴിഞ്ഞു ഇ നാടകങ്ങള്‍ക്ക് സാക്ഷിയായ ബി എ ഹിസ്റ്ററിയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്‍റെ സ്നേഹിത എന്നോട് ചോദിച്ചു " സാധനം കൈയിലുണ്ടോ " ഞാന്‍ ഒരു ചെറിയ ചമ്മലോടെ " സാധനം കൈയിലുണ്ടേ " എന്ന് പറഞ്ഞു തടി തപ്പി.

Sunday, August 7, 2011

മ ഫോര്‍ മാങ്ങാ - ഭാഗം രണ്ട്

കുറച്ചു നാളത്തേക്ക് എനിക്ക് താല്പര്യം ആപ്പിളിനോടാണ് , മാങ്ങാ ഇഷ്ടമല്ല !




രണ്ടു മൂന്ന് ആഴ്ചകള്‍ കടന്നുപോയി. അന്ന് പട്ടിയുടെ കടിയില്‍ നിന്നും രക്ഷപെടുത്തിയതിനു മുത്തപ്പനോട് നന്ദി തോന്നി കുടാതെ കടിക്കാതിരുന്ന പട്ടിയോടും.രണ്ടു മൂന്ന് ദിവസത്തേക്ക് നന്നാവന്‍ തിരുമാനിച്ചുറപ്പിച്ചു.അതിശയം എന്ന് പറയട്ടെ രണ്ടു മുന്ന് ദിവസവും കഴിഞ്ഞു, രണ്ടു മൂന്ന് ആഴ്ചകളും പിന്നിട്ടു, കുടുതല്‍ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ സ്കൂള്‍ വിട്ടാല്‍ വീട് , വീട് വിട്ടാല്‍ സ്കൂള്‍ എന്ന് മന്ത്രവുമായി ദിനരാത്രങ്ങള്‍ തള്ളി നീക്കി. പക്ഷെ ചിരകാല സുഹൃത്തായ അന്‍വറിന്‍റെ കൂടെ ഉള്ള യാത്ര അനസ്യൂതം മുടക്കമില്ലാതെ തുടര്‍ന്നു.അവനും കുറച്ചു ദിവസത്തേക്ക് പെട്ടന്ന് മാന്യന്‍ ആയത് പോലെ തോന്നി.

അങ്ങിനെ ഞങ്ങള്‍ സല്‍സ്വഭാവത്തിന്‍റെ പര്യായം ആയി മാറികൊണ്ടിരിക്കുന്ന കാലം.എന്‍റെ കുട്ടുകാരായ രൂപേഷിന്‍റെ വീട് കൊടുങ്ങല്ലുരും അഷികിന്‍റെ വീട് അഴീക്കോടും ആണ്. കൊടുങ്ങല്ലുരും അഴീക്കോടും പറവൂരില്‍ നിന്ന് പത്തു പതിനാലു കിലോമീറ്റര്‍ അകലെ ആണ്. പിന്നെ പഹയന്‍മാര്‍ രണ്ടും ഇത്രയും ദൂരെ വന്നു വിജ്ഞാനം നേടാന്‍ ശ്രമിച്ചത് എന്തിനാണെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല. ഒരു പക്ഷെ അവിടെ ഉള്ള സ്കൂള്‍ക്ക് കക്ഷികളെ കുറിച്ച് നല്ല മതിപുള്ളത് കൊണ്ടാകാം. സ്കൂള്‍ വിട്ടുള്ള യാത്രയില്‍, ഇടക്ക് അവര്‍ ഞങ്ങളുടെ കൂടെ കൂടും .മുന്‍സിപല്‍ ടൌണ്‍ ഹാളിന്‍റെ മുന്‍പില്‍ നിന്ന് കൊടുങ്ങലൂര്‍-അഴീക്കൊടു ഭാഗത്തേക്കുള്ള ബസ് പിടിക്കുകയാണ് ലക്‌ഷ്യം. സത്യത്തില്‍ ഞങ്ങള്‍ക്ക് നടക്കേണ്ട ആവശ്യം ഇല്ല. കാരണം ബസ് ഞങ്ങളുടെ സ്കൂള്‍ന്‍റെ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിറുത്തിയ ശേഷം ആണ് ബസ് സ്റ്റാന്‍ഡില്‍ പോയി ഇ പറഞ്ഞ സ്റ്റോപ്പ്‌കളിലേക്ക് എത്തുക. പക്ഷെ എന്താ പറയുക. ബസ്സുകാരും ഞങ്ങളും തമ്മില്‍ ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ ആണ്. അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൂട. പിന്നെ ബസ്കാര്‍ക്ക് സ്കൂള്‍ന്‍റെ അടുത്ത് നിറുത്തിയാല്‍ പിള്ളേരുടെ ടിക്കറ്റില്‍ യാത്ര ചെയുന്ന കുറെ കുട്ടി ചെകുത്താന്‍മാരെ മാത്രേ കിട്ടു. അത് കൊണ്ട് ഞങ്ങളുടെ തല വട്ടം കണ്ടാല്‍ അവര്‍ ഹനുമാന്‍ ഗിയറും ഇട്ടു ഒരു നുറു-നുറ്റിഇരുപതു എന്ന സ്പീഡില്‍ ചവിട്ടി പിടിക്കും. സ്കൂള്‍ന്‍റെ അടുത്ത് നിറുത്തില്ല. അത് കൊണ്ട് ഒന്നുകില്‍ സ്റ്റാന്‍ഡില്‍ പോയി കേറണം, ഇല്ലെങ്കില്‍ നല്ല തുട്ട് നല്കാന്‍ കഴിവുള്ള ആളുകള്‍ ഉള്ള ബസ്സ്റ്റോപ്പില്‍ പോയി കേറണം. അതെ നിവര്‍ത്തിയുള്ളു.

ഒന്നാം ഭാഗത്തിലെ പട്ടി ഓടിച്ചു വിട്ടതിന്‍റെ ക്ഷീണം മാറി വരുന്നെ ഉണ്ടായിരുന്നുള്ളൂ.അന്ന് സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങാന്‍ അന്‍വര്‍ ഉണ്ടായിരുന്നില്ല. പക്ഷെ എന്‍റെ പ്രിയ ദൊസ്ത്തുകള്‍ രൂപേഷും അഷിക്കും എന്‍റെ കൂടെ കൂടി.കൈയിലിരുപ്പ് വച്ച് നോക്കിയാല്‍ തല്ലു കൊളളാത്ത ജീവിതം അവര്‍ക്ക് ബുദ്ധിമുട്ടാണ്, എന്ന് മാത്രം അല്ല,നവ ഗ്രഹങ്ങളുടെ ഒരു പ്രേത്യക കൊബിനേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങിനേ ഉള്ള കക്ഷികളെ പടച്ചവന്‍ പടച്ചു വിടുകയുള്ളൂ അത്രേ, അതും ഒരു വ്യാഴ വട്ട കാലത്ത് ... നല്ല ഇരുട്ടും , ഇടിയും, മിന്നലും , കാറ്റും , കൊള്ളും , ഉപ്പും , മുളകും എല്ലാം ഉള്ള സമയത്ത് മാത്രം. അതാണ് കേട്ട് കേള്‍വി. അത്രയ്ക്കുണ്ട് കൈയിലിരുപ്പ്.

ഞങ്ങളുടെ ആ യാത്രകിടയില്‍ നാട്ടുകാരുടെ മാവിനും, പേര്ക്കും , ചാമ്പക്കും എന്തിനു തെങ്ങിനും പ്ലാവിനും വരെ കല്ലെറിയുന്നത് പതിവായിരുന്നു. കല്ലെറിഞ്ഞു മാങ്ങാ കഴിക്കാന്‍ പറ്റിയിലെങ്കിലും നാട്ടുകാരുടെ മാവിന് കല്ലെറിഞ്ഞു കഴിയുമ്പോള്‍ ഒരു വല്ലാത്ത പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആനന്ദനിര്‍വൃതി ആയിരുന്നു.പലപ്പോഴും മാങ്ങാ താഴെ വീണാലും പോയി പെറുകാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. വഴിവക്കോട് ചേര്‍ന്ന മാവിന്‍റെ മാങ്ങാ ഒക്കെ കിട്ടു. തിരക്കില്ലാത്ത റെയില്‍വേ സ്റ്റേഷനിലുടെ പോലും ചുളം വിളിച്ചു നിറുത്താതെ പോകുന്ന ട്രെയിന്‍ പോലെ ഞങ്ങള്‍ നേര്‍ച്ചക്കു വേണ്ടി ഒന്നോ രണ്ടോ കല്ലോ കമ്പോ എടുത്തു എറിഞ്ഞിട്ട് പോകുക പതിവായിരുന്നു. അതിപ്പോ മാങ്ങാ കിട്ടിയില്ലെങ്കിലും ഞങ്ങള്‍ പ്രതിഭലെച്ച കുടാതെ ആണ് പ്രവര്‍ത്തിച്ചത് മാത്രമല്ല, ഇല്ലാത്തവന്‍ ഉള്ളവന്‍ എന്നുള്ള ഒരു വിത്യാസം ഞങ്ങള്‍ കാണിച്ചിരുന്നില്ല, എല്ലാ വീടുകരെയും ഒരേ പോലെ ആണ് കണ്ടിരുനത്. പലപ്പോഴും ഞങ്ങള്‍ എത്ര പൊക്കത്തില്‍ ,അല്ലെങ്കില്‍ ,എത്ര ദൂരെത്തില്‍ എറിയാന്‍ പറ്റും എന്ന ഒരു മത്സരബുദ്ധിയോടെ ആണ് അതിനെ കണ്ടിരുന്നതും. പതിവുപോലെ രൂപേഷ് ഒരു കല്ല് എടുത്തു സാമാന്യം പോകത്തില്‍ ഒരു മാവിനിട്ടു എറിഞ്ഞു. "അയൌ..." എന്ന് ഒരു വിളി കേട്ടു. ഏറു കൊണ്ടത്‌ പാപികാണോ അതോ പുണ്യവാളനാണോ എന്ന് നോകാതെ വെടി കൊണ്ട പന്നികളെ പോലെ ഞാനും രൂപേഷും അഷിക്കും ഓടി. പക്ഷെ ആരും പുറകെ വരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ഓട്ടം നിറുത്തി , നടത്തം തുടങ്ങി. വളവു തിരിഞ്ഞതും "നില്‍കടാ അവിടെ..." എന്ന് വിളികേട്ട് തിരിഞ്ഞു നോക്കി. ഏറു കൊണ്ടവന്‍ സൈക്കിള്‍ എടുത്തു വരുന്ന കണ്ടു. ശെരിയാണ്, എറിഞ്ഞ കല്ലിന്‍റെ വലിപ്പം കണ്ടാല്‍ മിനിമം രണ്ടു മിനിറ്റ് കഴിയാതെ സ്വബോധം കിട്ടാന്‍ ചാന്‍സ് കുറവാണു. എന്നെ കണ്ടോ കണ്ടില്ലേ എന്ന് എനിക്ക് ഉറപ്പില്ല. അതോ ഇനി കണ്ടു കാണുമോ ? ഏയ് ഇല്ല , എന്നെ കാണാന്‍ വഴിയില്ല.. കാരണം ഞാന്‍ വളവു തിരിഞ്ഞു കഴിഞ്ഞിരുന്നു. അവനമാരെ രണ്ടു പേരെയും ഉറപ്പായിട്ടും കക്ഷി കണ്ടു. അതില്‍ ഞാന്‍ സന്തോഷിച്ചു. വീണ്ടും ഞങ്ങള്‍ ഓട്ടം തുടങ്ങി. പക്ഷെ അവന്‍മാര്‍ ഇതു പോലെ ഓടി നല്ല പരിചയം ഉള്ളത് കൊണ്ടോ, ആരോഗ്യം ഉള്ളത് കൊണ്ടോ സാമാന്യം നല്ല വേഗതയിലാണ് ഓട്ടം. എനിക്ക് കിതപ്പ് തുടങ്ങി, ഞാന്‍ ഓട്ടം നിറുത്തി. എല്ലാം എന്‍റെ വിധി എന്ന് വിചാരിച്ചു സമാധാനിച്ചു. അത് ഒരു ടി ജംഗ്ഷന്‍ ആയ്യിരുന്നു. രൂപേഷും അഷികും വലത്തോട്ട് വളവു തിരിഞ്ഞു ഓടി. ഏറു കൊണ്ടവന്‍ ആക്രോശിച്ചു കൊണ്ട് എന്‍റെ അടുത്ത് എത്തി. ഞാന്‍ മുത്തപ്പനെ ഒന്നും കുടി ധ്യാനിച്ചു. എല്ലാം നഷ്ടപെട്ടവനെ പോലെ ഏറു കൊണ്ടവനെ നോക്കി , തലയില്‍ ഡിഷ്‌ ആന്‍റ്റിന്നാ കമത്തി വച്ച പോലെ മുഴച്ചിരിക്കുന്നു. ചെറുതായിട്ട് പൊട്ടിയിട്ടും ഉണ്ട്.

ഇത്തവണ ഒരു മുത്തപ്പനും എന്നെ രക്ഷിക്കാന്‍ പറ്റില്ല എന്ന് ഉറപ്പിച്ചു. അറിയാത്ത വല ദൈവവും ഉണ്ടെങ്കില്‍ അവരെ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു കണ്ടുപിടിച്ചു, ധ്യാനിച്ച് ആദ്യം ആയിട്ട് ഒരു റിക്വ്സ്ട്ടു കൊടുക്കാം എന്ന് കരുതി. എത്ര ഓര്‍ത്തിട്ടും എല്ലാ ദൈവങ്ങളും എന്നെ അറിയുന്നവരും എനിക്ക് അറിയാവുന്നവരും ആണ്.ഏറു കൊണ്ടവന്‍ എന്‍റെ തൊട്ടടുത്ത്‌. ഉദ്വേഗത്തിന്‍റെ നിമിഷങ്ങള്‍ക്ക് വിരമാമം ഇട്ടു കൊണ്ട് അയാള്‍ എന്നോട് ചോദിച്ചു. "ഇ വഴിയിലുടെ ഓടി വന്ന രണ്ടു പയന്മാരെ കണ്ടോ ?." മുങ്ങി കൊണ്ടിരിക്കുന്ന ടൈട്ടാനിക്കിനെ ആകാശത്തിരുന്ന ദൈവം പൊന്നു കൊണ്ട് ഉണ്ടാകിയ കയറുകൊണ്ടു എടുത്തു പൊക്കിയ പോലുള്ള ചോദ്യം കേട്ട് രണ്ടു നിമിഷം ഞാന്‍ പകച്ചു നിന്നു. ദൈവമേ ഇതെന്തു പരീക്ഷണം. വലത്തോട്ട് വഴി കാണ്ണിച്ചു കൊടുത്താല്‍ എട്ടും പൊട്ടും തിരിയാത്ത എന്‍റെ കുട്ടുകാരെ കൊലയ്ക്ക് കൊടുത്തതിനു ദൈവം എന്നോട് പോറുക്കില്ല. ഇടത്തോട്ടുള വഴി കാണിച്ചാല്‍ ദൈവം എന്നെ അനുഗ്രഹിക്കും . ഇടത്തേക്ക് പോയാല്‍ യക്കോബായ സുറിയാനി പള്ളിയിലേക്കുള്ള വഴിയാണ്. ദൈവത്തിലേക്കുള്ള വഴി. ഒട്ടും മടിക്കാതെ ഞാന്‍ ഇടത്തെ വഴിയിലേക് കൈ ചുണ്ടി. പൂര്‍വാധികം ശക്തിയോടെ വന്നയാള്‍ ദൈവത്തിന്‍റെ അടുത്തേക്ക് സൈക്കിള്‍ ചവിട്ടി പുറപ്പെട്ടു ! ഇത്തവണയും അട്ടപ്പാടി മുത്തപ്പന്‍ കനിഞ്ഞു!

Wednesday, August 3, 2011

മ ഫോര്‍ മാങ്ങാ - ഭാഗം ഒന്ന്





ആഞ്ചാം തരം പഠിക്കുന്ന കാലം ആണ്. നാലാം തരം വരെ ഒരു സ്കൂളില്‍ "പഠിച്ച്" ( "പഠിച്ച" എന്ന് പറയുന്നത് ആലംഗാരിഗം മാത്രം ആണ് ) ശേഷം ആഞ്ചാം തരം എന്നെ സ്കൂള്‍ മാറ്റി ചേര്‍ത്തു. പഠനകാര്യത്തില്‍ പുറകില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ "എന്നും മുന്നില്‍" ആയതുകൊണ്ടു രക്ഷിതകള്‍ക്ക് വേവലാതി ഉണ്ടായിരുന്നു. മൂത്ത സഹോദരനും മൂത്ത സഹോദരിയും പഠിക്കാന്‍ സാമര്‍ത്ഥ്യം ഉള്ളവര്‍. അപ്പോള്‍ അവര്‍ പഠിക്കുന്ന സ്കൂളില്‍ എന്നെയും ചേര്‍ത്താല്‍ അവരെ കണ്ട് എങ്കിലും പഠിക്കട്ടെ എന്ന് കരുതിയാകണം അന്ന് എന്നെ സ്കൂള്‍ മാറ്റി ചേര്‍ത്തത്. നാലാം തരം വരെ പഠിച്ചത് പള്ളി സ്കൂളില്‍ ആയിരുന്നു, അവിടെ കര്‍ശന നിയമങ്ങള്‍ ആണ്. തല്ലു കിട്ടാത്ത ദിവസങ്ങള്‍ ഇല്ല. പി റ്റി സാറിന്‍റെ കൈ എന്നെ തല്ലി തല്ലി കുഴഞ്ഞു കാണണം, അത് പോരാണ്ടു മറ്റു പരാതികളും. ലോക സമാധാനത്തെ കരുതി ഞാനും സ്കൂള്‍ വിട്ടതില്‍ സന്തോഷിച്ചു. എങ്കിലും, ചേട്ടന്റെയും ചേച്ചിയുടേയും പേര് പുതിയ സ്കൂളില്‍ ഞാനായിട്ട് മോശം ആക്കാന്‍ പോവുകയാണല്ലോ എന്ന ഒരു വേവലാതി ഉണ്ടാകതിരുന്നില്ല.കാര്യം, അവരെന്തു പിഴച്ചു ? .

പഴയ സ്കൂളിലെ ഉഴപ്പി നടന്ന ഹാങ്ങ്‌ഓവര്‍ കൊണ്ടാവണം പഠിക്കാന്‍ തീരെ താല്പര്യം തോന്നിയില്ല. ഇല്ലെങ്കില്‍ അപ്പൊ തന്നെ ഞാന്‍ നന്നായനെ ! ഹല്ലാ പിന്നെ !. കൂടെ ഉള്ള അന്‍വറും ആശികും രൂപേഷും ഗിരിഷും എല്ലാം ഉഴപുമ്പോള്‍ ഞാന്‍ അതിനു വിലങ്ങു തടി അവരുതാലോ, അത് നാട്ടു മര്യാദ അല്ലല്ലോ. അവരുടെ എല്ലാ കുരുത്തകേടിനും ഞാന്‍ കൂട്ടു നില്‍കുന്നതും പ്രോത്സാഹനം നല്‍കുന്നതും പതിവായിരുന്നു.

സ്കൂള്‍ വിട്ടാല്‍ മുന്നു കിലോമീറ്റര്‍വരെ നടന്നിട്ടുവേണം മാഞ്ഞാലിക്കുള്ള ബസ്‌ പിടിക്കാന്‍. മന്നത്താണ് എന്‍റെ വീട്, പറവുരിനും മാഞ്ഞാലിക്കും ഇടക്കുള്ള ഒരു സ്ഥലം ആണ് മന്നം. പറവൂര്‍ നിന്ന് മഞ്ഞലിയിലേക്ക് ബസുകള്‍ കുറവാണ്‌. ഓരോ മണികൂര്‍ ഇടവിട്ട് മാത്രം ആണ് ബസുകളുടെ സമയം. ചുരുക്കം പറഞ്ഞാല്‍ വയ്കി വീട്ടില്‍ എത്തിയാലും പറയാന്‍ ഒരു കാരണം ഉണ്ട്. "ബസ്‌ വിട്ടു പോയി" എന്ന മൂന്നു വാക്കില്‍ ആരെയും പറ്റിക്കാം.അത് കൊണ്ട് പരമാവധി വൈകി വീട്ടില്‍ എത്താന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഇ സമയം എന്‍റെ കുട്ടികാലത്തെ പല തമാശകള്‍ അരങ്ങേറിയ സമയം ആണ്.

പതിവുപോലെ ഞാനും അന്‍വറും സ്കുള്‍ വിട്ടു ബസ്‌ സ്റ്റാന്‍ഡിനെ ലക്‌ഷ്യം വച്ച് നടന്നു തുടങ്ങി. ഏകദേശം ഗേര്‍ല്സ് ഹൈ സ്കൂളിന്‍റെ മുന്‍പില്‍ ഉള്ള വീടിന്‍റെ അവിടെ എത്തി. വീട്ടിലെ മാവില്‍ നില്‍കുന്ന മാങ്ങ ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ ഐസ് കോരി ഇട്ട പ്രതീതി അനുഭവപെട്ടു. പട്ടി ഓടിച്ചുവിട്ടാല്‍ ഓടണം എന്ന് തോന്നുന്ന മാതിരി ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ ഒരേ വിചാരം കടന്നു കുടി. ചിരിച്ച മാങ്ങയെ സ്വന്തമാക്കാന്‍ ഞങ്ങള്‍ കോപ്പുകൂട്ടി. വീടിന്‍റെ മതില്‍ ചൈനീസ്‌ വന്‍മതിലിനേക്കാളും വലുതാണ്. അനവറിനു പൊക്കം ദൈവം കൊടുത്തു. എനിക്കില്ലത്തതും അതായിരുന്നു . അ മാങ്ങാ കണ്ടപ്പൊള്‍ ഞാന്‍ പാടിപോയി : "അന്ന് നിന്നെ കണ്ടതില്‍ പിന്നെ പൊക്കം എന്തെന്ന് ഞാന്‍ അറിഞ്ഞു, അത് ഇല്ലാത്തതിന്‍റെ വേദന ഞാന്‍ അറിഞ്ഞു". കുഞ്ഞുണ്ണി മാഷ് പറഞ്ഞ "പോക്കമില്ലായ്മ ആണ് എന്‍ പൊക്കം" എന്ന വാക്കുകളുടെ വ്യര്‍ത്ഥത ഞാന്‍ അറിഞ്ഞു. എന്തായാലും അന്‍വറിന്‍റെ പുറത്ത്‌ ചവിട്ടി ഞാനും, പുറകെ അനവറും വീടിന്‍റെ മതില്‍ ചാടി. സമയം കളയാതെ മാവിന്‍റെ ശിഘരങ്ങളില്ലേക്ക് രാമാനന്ദ് സാഗറിന്‍റെ രാമായണത്തില്‍ രാമന്‍ അമ്പു തൊടുക്കും വിധം കലേറു കലാപരിപാടി തുടങ്ങി.

കേരള സര്‍കാര്‍ വിലകയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ച മാതിരി പഠിച്ച പണി പതിനെട്ടും നോക്കി, മാങ്ങാ വീഴില്ല.വീഡിയോ ഇടുത്തിരുന്നെല്‍ ഫെവികോള്ളിന്‍റെ പരസ്യത്തിന് അയച്ചു കൊടുക്കാം, അത്രയ്ക്ക് മാങ്ങാ മാവില്‍ ഒട്ടിപിടിച്ചിരുന്നു. കൊണ്ടു കൊണ്ടില്ല എന്ന രീതിയില്‍ കലും കമ്പും എറിഞ്ഞു. രക്ഷയില്ല ! മാങ്ങാ വീഴില്ല !. മുപതു മുക്കോടി ദൈവങ്ങളെയും പ്രാര്‍ത്ഥിച്ചു എറിഞ്ഞു നോക്കി , രക്ഷയില്ല ! അപ്പോള്‍ ആണ് "ഇടി വെട്ടിയവനെ പാമ്പ് കടിച്ചു" എന്ന് പറഞ്ഞ മാതിരി പട്ടി കുരക്കുന്ന ശബ്ദം കേട്ടത്.

ശബ്ദം കേട്ടതും ഞാന്‍ ഓടി , മതിലിന്‍റെ അടുത്ത് എത്തിയപ്പോള്‍ മനസിലായി ആന പിണ്ഡം ഇടുന്നത് കണ്ടു ആട് അതിനു ശ്രമിക്കരുത് എന്ന്.അന്‍വര്‍ മതില്‍ ചാടി ഓടിയതും പട്ടി എന്‍റെ അടുത്ത് എത്തിയതും ഒരേ സമയം ആയിരുന്നു. ഭാഗ്യത്തിന് പട്ടിയെ ചങ്ങല കൊണ്ട് പിടിച്ചു വീടിന്‍റെ മുതലാളിയും കൂടെ ഉണ്ടായിരുന്നു. ഇരയെ പിടിച്ച വിനോദതോടെ ഉള്ള ആ നോട്ടം കണ്ടപ്പോള്‍ , ഒരു നിമിഷം അതില്‍ ഏതാണ് പട്ടി എന്നു മനസിലയില്ല ! പാല് നക്കാന്‍ കയറിയ പുച്ച പാത്രത്തില്‍ വീണിട്ട് നോക്കുന്ന മാതിരി ഒരു നോട്ടം ഞാന്‍ മുതലാളിയെ നോക്കി വച്ച് കൊടുത്തു. മുതലാളി എന്നോട് പറഞ്ഞു " പോലീസ് വന്നിട്ട് പോയാല്‍ മതി, എന്‍റെ കൂടെ പോരെ.. " . എന്‍റെ അകം ഒന്ന് കത്തി. അന്‍വറിനെ ശപിച്ചു.

വീടിന്‍റെ മുന്‍പില്‍ എത്തിയപ്പോള്‍ മുതലാളി പറഞ്ഞു . "ഇവിടെ ഇരി ഇപ്പോ വരാം.." . എണ്ണിറ്റ് ഓടിയാലോ ഒരു നിമിഷം ചിന്തിച്ചു. പിന്നെ കരുതി പട്ടിയില്‍ നിന്ന് രക്ഷപെട്ടു ഇനി അടുത്തത് പമ്പായാലോ.. വേണ്ട ഓടേണ്ട, പോലീസ് എങ്കില്‍ പോലീസ്. കണ്ണികണ്ടവനെ ശപിച്ചു.അപ്പോളുണ്ട്‌ മുതലാളി ഒരു കവറില്‍ കുറെ പഴുത്ത മാങ്ങകളും ആയി എന്‍റെ അടുത്ത് വന്നു. എന്നിട് പറഞ്ഞു " മാങ്ങാ എറിയരുത് , ജനാലയുടെ ചില്ല് പൊട്ടും, ഇവിടെ വന്നു ചോദിച്ചാല്‍ മതി ഞാന്‍ തരാം , പൊയ്ക്കോളൂ..". മാലാഖ ബിവറേജസ് കോര്‍പ്രേഷന്‍ ഷോപ്പില്‍ വന്നു ഫ്രീ ആയി മദ്യം ഒഴുകിയ മാതിരി ഉള്ള ഒരു അനുഭവം. സ്വന്തം "സാമര്‍ത്ഥ്യം" കൊണ്ട് നേടിയ മാങ്ങാ അന്‍വറിനു കൊടുക്കില്ല എന്നു നിശ്ചയിച്ചു. പിന്നെ വിചാരിച്ചു , വേണ്ട അവനും കൊടുകാം. വയറിള്ളകിയലോ !.

അഭിമാനബോധം കൊണ്ട് പിന്നിട് അ വീടിന്‍റെ മാവിന് കല് എറിയാന്‍ പോയിട്ടില്ല. ഇപ്പോളും അവിടെ നിന്നാല്‍ പട്ടി കുരക്കുന്നതായി എന്നിക്ക് തോന്നും. ഇത് ഒരു രോഗം ആണോ ഡോക്ടര്‍ ? .

Tuesday, August 2, 2011

യക്ഷഗാനയുടെ കര്‍ത്താവാര് ?



രംഗം: പറവൂര്‍ സമൂഹം ഹൈ സ്കൂള്‍ ഒമ്പതാം തരം ക്ലാസ്സ്‌ മുറി . ഭഗവതി ടീച്ചര്‍ പതിവ് പോലെ ക്ലാസ്സ്‌ എടുക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ സഹപാഠിയും സുഹൃത്തുമായ മുരളിധരന് വിരസത അനുഭവപെട്ടു തുടങ്ങി . പതിവ്‌ പോലെ അവന്‍ വിരസത അകറ്റാന്‍ തൊണ്ടി കളി തുടങ്ങി. മുന്‍പില്‍ ഇരികുന്ന സുഹൃത്തിനെ തോണ്ടിയ ശേഷം "ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ" യെന്ന ഭാവത്തില്‍ ഇരിപ്പാണ് കക്ഷി. മുന്‍പില്‍ ഉണ്ടായിരുന്ന ആരോഗ്യം ഉള്ള സുഹൃത്ത്‌ കണ്ണ് കൊണ്ട് ഇന്റര്‍വെല്‍ ആവട്ടെ നിനക്ക് വച്ചിടുണ്ട് എന്ന് ഭാവത്തില്‍ ഒരു നോട്ടം നോക്കിയിട്ട് തിരിഞ്ഞിരുന്നു. അതു കണ്ടപ്പോള്‍ എന്നിക്കു പതിവിലേറെ ഉന്മേഷം തോന്നി. സന്തോഷവും ചിക്കന്‍ഗുനിയ പോലെ പകരും എന്ന് ആദ്യമായി എന്നിക്കു മനസിലായി. താമസിയാതെ ഞങ്ങളുടെ കുടെ ഉണ്ടായിരുന്ന എല്ലാ സഹപഠികളും ഈ വിനോദത്തില്‍ ഏര്‍പ്പെട്ടു. ഞാനും മുന്‍പില്‍ ഇരിക്കുന്നവരെ തോണ്ടാന്‍ മറന്നില്ല.

അപ്പോള്‍ ആണ് കൈയില്‍ ഇരുന്ന മാമ്പഴം കാക്ക കൊത്തിയമാതിരി, എല്ലാ രസവും കെടുത്തി കൊണ്ടു അധ്യാപിക എന്നോട് പെട്ടന്ന് പഠിപ്പിച്ചു കൊണ്ടിരുന്ന വിഷയത്തില്‍ നിന്ന് ഒരു ചോദ്യം ചോദിച്ചത് "യക്ഷഗാനത്തിന്റെ കര്‍ത്താവ് ആരാണ് ? ". സത്യത്തില്‍ ഞാന്‍ ചോദ്യം കേട്ടതെയില്ല. തോണ്ടല്‍ കളി കണ്ട്ട ടീച്ചര്‍ രോക്ഷം കൊണ്ട് നില്‍ക്കുന്നതായെ എന്നിക്കു തോന്നിയുള്ളൂ. ഉടനെ ജാമ്യം എടുക്കാം എന്ന് കരുതി ഞാന്‍ തട്ടി വിട്ടു . "ടീച്ചര്‍ ഞാനല്ല, മുരളിധരന്‍ ആണ്" . ക്ലാസ്സില്‍ ഒരു പോട്ടിചിരി കേട്ടതും ടീച്ചറുടെ കൈയില്‍ ഇരുന്ന ചൂരല്‍ എന്‍റെ മേല്‍ വീണതും ഒന്നിച്ചായിരുന്നു. ഉറങ്ങി കിടന്ന പൂച്ചയുടെ മേല്‍ ഒട്ടുപാത്രം വീണ് ഞെട്ടിയ മാതിരി ഇന്നും ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ക്കുന്നു !

Thursday, January 21, 2010

പെരുവഴിയിലെ കരിയിലകള്‍



എന്‍റെ ജീവിതം ആകുന്ന പെരുവഴിയിലെ കരിയിലകള്‍ കോര്‍ത്ത്‌ വയ്ക്കാന്‍ ഒരിടം. തുടങ്ങാന്‍ വൈകി എങ്കിലും തുടരാന്‍ താല്പര്യം ഉള്ള ഒരു വിനോദം. ഇതെല്ലാം ആകുന്നു ഇ ബ്ലോഗ്‌. കാലം കൊഞ്ഞനംകുത്തി കാണിച്ച കൌമാരത്തെ നോക്കി ആദ്യം പകച്ചു നിന്ന എന്നിക്കു ദൈവം കാണിച്ചു തന്ന ഓരോ പാതയിലും അനുഭവങ്ങളുടെ വേലിയേറ്റം ഉണ്ടായിരുന്നു. മുട്ടുവാന്‍ മറന്ന വാതിലുകള്‍ കുറവാണ് എന്ന് പറയാം, അത് കൊണ്ടായിരിക്കാം ഒരിക്കലും തുറക്കില്ല എന്ന് ഞാന്‍ കരുതിയ പല വാതിലുകളും ദൈവം എന്നിക്ക് തുറന്നു തന്നു. തോല്‍വികളുടെ പരമ്പരയില്‍ നിന്ന് കരകയറാന്‍ ഉള്ള നെട്ടോട്ടഓ ആയിരുന്നു പിന്നിട് ഉള്ളതെല്ലാം. ചെറിയ ബുദ്ധിമുട്ടുകളുടെ വലിയ കനല്‍ പാതയില്‍ ഓടുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ സാധിച്ചിട്ടില്ല. എന്തോ ഒക്കെ കീഴടക്കണം എന്ന ഒരു വാശി ഉണ്ടായിരുന്നു, ഒന്നിനെയും ഭയക്കരുത് എന്നും നിശ്ചയിച്ചു, പക്ഷെ അന്ന് തുടങ്ങിയതില്‍ നിന്ന് ബഹുദൂരം മുന്നോട്ട്‌ വന്നിട്ടും എന്നെ നയിച്ചത് എന്താണന്നു എനിക്കറിയില്ല. ആ യാത്രയില്‍ മറക്കാന്‍ പറ്റാത്ത കുറെ തമാശകള്‍ ഉണ്ടയിരുന്നു, അതെല്ലാം ഓര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ഹൃദയം നിങള്‍ക്ക് ഇ ബ്ലോഗുഗളില്‍ കാണാം. വര്‍ത്തമാന കാലത്തേ കുറിച്ചുള്ള എന്‍റെ വീക്ഷണവും ഇവിടെ നിരീക്ഷികാം.യൌവനത്തിന്‍റെ അവസാന പാദത്തില്‍ നില്കുമ്പോള്‍ സുന്ദരമായതും അലാത്തതും ആയ കുറെ അനുഭവങ്ങള്‍ കുറിച്ചിടാന്‍ ഒരു ഇടം. അതു കു‌ടി ആണ് ഇ ബ്ലോഗ്ഗ് . കാലം എന്നെ തേരിലെറ്റി നടത്തുമ്പോള്‍ ചന്തിയും കുത്തി ഇരുന്നു എഴുതാന്‍ എത്ര കഴിയും എന്നോ , എത്ര സമയം കിട്ടുമോ എന്ന് അറിയില്ല . കുട്ടികാലത്ത് വളരെ ഏറെ സമയം വെറുതെ നുണയും പറഞ്ഞ് ചോറിയും കുത്തി കളഞ്ഞതിന്‍റെ ശിക്ഷയേന്നോണം ഇന്ന് സമയം എന്നിക്ക് ദൈവം എണ്ണി പെറുകി ആണ് തരുന്നത്. കഴിഞ്ഞ മുപതു വര്‍ഷത്തേക്ക് തിരിഞ്ഞു നോക്കിയാല്‍, കാലം എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം ഓടിച്ച ആ അശ്വമേധത്തിന്‍റെ കുളമ്പടി ശബ്ദങ്ങള്‍ നിങ്ങള്‍ക്ക് ഇ ബ്ലോഗുകളില്‍ കേള്‍കാം . കൂടാതെ എന്‍റെ നുറുങ്ങു ചിത്രകലയും ! നിങ്ങള്‍കും ഇതു ഒരു ആനന്ദവൃതിക്കുള്ള ഒരു വിഭവം അയി മാറും എന്നാണ് പ്രതിക്ഷ. നിങളുടെ അഭിപ്രായങ്ങള്‍ എന്നിക്ക് പ്രിയപ്പെട്ടതാണ്, യോചിക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും !